പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു: ഇസ്രയേൽ ധനമന്ത്രി
Monday, October 16, 2023 7:46 AM IST
ജറൂസലെം: ഹമാസിന് ഇസ്രായേലിൽ പ്രവേശിക്കാനും നൂറുകണക്കിന് ഇസ്രേലി പൗരന്മാരെ വധിക്കാനും സാധിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നതായി ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്.
ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഞങ്ങൾ സത്യസന്ധമായും വേദനയോടെയും സമ്മതിക്കുന്നുവെന്നും സ്മോട്രിച്ച് കൂട്ടിച്ചേർത്തു.
അതേസമയം ഗാസയിൽ കര-നാവിക-വ്യോമ യുദ്ധത്തിന് ഇസ്രയേൽ സന്നാഹം ഊർജിതമാക്കി. പതിനായിരക്കണക്കിന് ഇസ്രേലി സൈനികർ ഞായറാഴ്ചയും ഗാസ അതിർത്തിയിലേക്കു നീങ്ങി. കരയാക്രമണത്തിനു വേണ്ട ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.
വടക്കൻ ഗാസയിൽനിന്നു തെക്കൻ ഗാസയിലേക്കു പതിനായിരങ്ങളുടെ പലായനം തുടരുന്നു. വടക്കുള്ളവർക്ക് തെക്കോട്ടു മാറാൻ ഇസ്രയേൽ ഞായറാഴ്ച സുരക്ഷിത ഇടനാഴി തുറന്നിരുന്നു. പ്രാദേശിക സമയം രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മേഖലയിൽ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചിരുന്നു.