ഛത്തിസ്ഗഡും വീണു; സന്തോഷ് ട്രോഫിയിൽ ഹാട്രിക് ജയവുമായി കേരളം
Sunday, October 15, 2023 2:46 PM IST
ബെനോലിം (ഗോവ): സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിൽ തുടർച്ചയായ മൂന്നാം ജയവുമായി കേരളത്തിന്റെ കുതിപ്പ്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഛത്തിസ്ഗഡിനെ മറുപടിയില്ലാത്ത മൂന്നുഗോളിന് വീഴ്ത്തിയാണ് കേരളത്തിന്റെ മുന്നേറ്റം.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച കേരളം ആറാം മിനിറ്റിൽ തന്നെ സജീഷിന്റെ ഗോളിൽ മുന്നിലെത്തി. ആദ്യപകുതിയിൽ ഛത്തിസ്ഗഡ് മികച്ച പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
രണ്ടാംപകുതിയിൽ കേരളത്തിന്റെ സർവാധിപത്യത്തിനാണ് ബെനോലിം സ്പോർട്സ് അഥോറിറ്റി ഓഫ് ഗോവ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. തുടക്കത്തിൽ തന്നെ യുവതാരം ജുനൈനിന്റെ ഗോളിലൂടെ കേരളം ലീഡുയർത്തി. തുടർന്ന് 67-ാം മിനിറ്റിൽ നായകൻ നിജോ ഗിൽബർട്ടിന്റെ മിന്നും ഗോളോടെ കേരളം സമ്പൂർണ ആധിപത്യം ഉറപ്പിച്ചു.
ആദ്യ രണ്ടുകളികളിൽ ഗുജറാത്തിനെയും (3-0), ജമ്മു കാഷ്മീരിനെയും (6-1) തകർത്താണ് കേരളം എത്തിയത്. വിജയത്തോടെ അടുത്ത ഘട്ടത്തിലേക്കുള്ള കേരളത്തിന്റെ സാധ്യത സജീവമായി. ആതിഥേയരും ഗ്രൂപ്പിലെ കരുത്തരുമായ ഗോവയ്ക്കെതിരേയാണ് 17ന് പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരം.