തിരുവനന്തപുരം: കനത്ത മഴയേതുടര്‍ന്ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും വെള്ളം കയറി. തെറ്റിയാര്‍ കരകവിഞ്ഞതോടെയാണ് ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3ന് സമീപം വെള്ളം കയറിയത്.

ഗായത്രി ബില്‍ഡിംഗ് ഏരിയ വെള്ളക്കെട്ടിലാണ്. ഇവിടെ ഹോസ്റ്റലില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ ഇവിടെനിന്ന് മാറ്റി. സമീപത്തെ വീടുകളിൽ കുടുങ്ങിയവരെയും ഫയർഫോഴ്സെത്തി കാന്പുകളിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കോസ്‌മോ ആശുപത്രിയുടെ താഴത്തെ നില പൂര്‍ണമായും മുങ്ങി.

തേക്കുംമൂട് ബണ്ട് കോളനിയില്‍ 106 വീടുകളില്‍ വെള്ളം കയറി. ഗൗരിശരപട്ടം, കണ്ണമൂല, പോത്തന്‍കോട്, മരുതൂര്‍ എന്നിവിടങ്ങിലും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ആളുകളെ കാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.