കെഎസ്എഫ്ഇ വിമർശനം; പറഞ്ഞത് മയപ്പെടുത്തി ബാലൻ
Saturday, October 14, 2023 3:48 PM IST
കോഴിക്കോട്: കെഎസ്എഫ്ഇയെ രൂക്ഷ വിമർശനം നടത്തി വിവാദത്തിലായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ മണിക്കൂറുകൾക്കുള്ളിൽ പറഞ്ഞത് മയപ്പെടുത്തി. താൻ പ്രസംഗത്തിൽ പറഞ്ഞ നല്ല കാര്യങ്ങളൊന്നും മാധ്യമങ്ങൾ വാർത്തയാക്കിയില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
സഹകരണ മേഖലയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യം പറഞ്ഞത്. കെഎസ്എഫ്ഇ കെട്ടുറപ്പുള്ള സ്ഥാപനമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലുമില്ല. രണ്ടുവർഷത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കെഎസ്എഫ്ഇ കൈവരിച്ചു. ചിട്ടികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായതെന്നും ബാലൻ വ്യക്തമാക്കി.
കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു തെറ്റായ പ്രവണത, ഓഫീസേഴ്സ് യൂണിയനും വർക്കേഴ്സ് അസോസിയേഷനും മാനേജ്മെന്റും ഇടയ്ക്കിടയ്ക്ക് ഓർമപ്പെടുത്തുന്നതുമായ വിഷയമാണ് താൻ ചൂണ്ടിക്കാണിച്ചത്. താൻ ഇടയ്ക്കിടയ്ക്ക് ഇക്കാര്യം പറയാറുണ്ടെന്നും അതിന്റെ ഭാഗമായാണ് സമ്മേളനത്തിൽ സൂചിപ്പിച്ചതെന്നും ബാലൻ വിശദീകരിച്ചു.
കള്ളപ്പേരിട്ട്, കള്ളയൊപ്പിട്ട്, കള്ളചെക്ക് വാങ്ങി പൊള്ളച്ചിട്ടികൾ കെഎസ്എഫ്ഇയിൽ ഉണ്ടാക്കുകയാണെന്നും എത്രകാലം ഇത് തുടരാൻ കഴിയുമെന്നുമാണ് നിങ്ങൾ കരുതുന്നതെന്നുമാണ് രാവിലെ കോഴിക്കോട്ട് കെഎസ്എഫ്ഇ സമ്മേളനത്തിനിടെ ബാലൻ ചോദിച്ചത്. ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ബാലന്റെ വിമർശനം.
നല്ല പേരുണ്ടായിരുന്ന സ്ഥാപനത്തിനെതിരെയാണ് ഇത്തരം ആരോപണങ്ങൾ ഉയര്‍ന്നുവരുന്നത്. ഇതുകൊണ്ട് ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പാണ് ഇല്ലാതാകുന്നത്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണം. ഇഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നും ബാലൻ വ്യക്തമാക്കിയിരുന്നു.