ശുഭ്മാന്‍ ഗില്‍ '99 ശതമാനം' തയാർ; പാക്കിസ്ഥാനെതിരേ കളത്തിലിറങ്ങിയേക്കുമെന്ന് രോഹിത് ശര്‍മ
Friday, October 13, 2023 8:09 PM IST
അഹമ്മദാബാദ്: പാക്കിസ്ഥാനെതിരേ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ കളത്തിലിറങ്ങാന്‍ സാധ്യത. യുവ ഓപ്പണര്‍ '99 ശതമാനം' തയാർ ആണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയതോടെയാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നത്.
ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടുന്നതിനെ ഫൈനലിനു തുല്യമായാണ് ഇരുരാജ്യങ്ങളുടെയും ആരാധകര്‍ കാണുന്നത്. എന്നാല്‍ ഏകദിന ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.
സമീപകാലത്തായി സൂപ്പര്‍ഫോമില്‍ കളിക്കുന്ന ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനിബാധയെത്തുടര്ന്ന് ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമായിരുന്നു.
എന്നാല്‍ വ്യാഴാഴ്ച അഹമ്മദാബാദില്‍, ടീമിന്റെ ബാറ്റിംഗ് പരിശീലനവേളയില്‍ താരം സജീവമായിരുന്നു. പാക്കിസ്ഥാനെതിരേ കളത്തിലിറങ്ങുകയാണെങ്കില് ഗില്ലിന്റെ ലോകകപ്പ് അരങ്ങേറ്റമാകുമത്.
ഗില്‍ മത്സരത്തിനിറങ്ങാൻ 99 ശതമാനം ഫിറ്റാണെന്ന് രോഹിത് ശർമ വ്യക്തമാക്കുകയും ചെയ്തു. താരത്തിന്റെ ആരോഗ്യം സംബന്ധിച്ച പ്രസ് കോണ്‍ഫറന്‍സിനിടെ ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായാണ് രോഹിത് ഇങ്ങനെ പറഞ്ഞത്.
ഈ വര്‍ഷം 20 ഏകദിനങ്ങളില്‍ നിന്ന് 72.35 ശരാശരിയിലും 105 പ്രഹരശേഷിയിലും 1,230 റണ്‍സാണ് ഗില്‍ അടിച്ചു കൂട്ടിയത്. ഇതില്‍ അഞ്ചു സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചതും ഈ വര്‍ഷമാണ്. ഈ സാഹചര്യത്തില്‍ ഗില്ലിന്റെ മടങ്ങിവരവ് ഇന്ത്യയ്ക്ക് ഏറെ ഗുണകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല.