ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് രജിസ്ട്രേഷൻ അനുവദിച്ചു: മന്ത്രി ആന്റണി രാജു
Thursday, October 12, 2023 11:54 PM IST
തിരുവനന്തപുരം: ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്ട്രേഷൻ നൽകാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു.
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ അംഗീകാരം നേടിയ ഭാരം കുറഞ്ഞ ട്രെയിലറുകളും കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച ഭാരം കൂടിയ ട്രെയിലറുകളും കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ഘടിപ്പിച്ച് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിലവിൽ ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള ട്രാക്ടറുകൾക്ക് വെഹിക്കിൾ ലൊക്കേഷൻ ട്രേസിംഗ് ഡിവൈസും സ്പീഡ് ഗവർണറുകളും നിർബന്ധമാക്കേണ്ടതില്ലന്നും നിർദേശിച്ചിട്ടുണ്ട്.
പ്ലാന്റേഷൻ ലാൻഡ് ഒഴികെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം കാർഷിക ട്രാക്ടർ ട്രെയിലറുകളെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.