ടെൽ അവീവ് വിമാനത്താവളം ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റ് ആക്രമണം; തടുത്ത് അയൺഡോം
Thursday, October 12, 2023 3:50 PM IST
ഗാസ സിറ്റി: രണ്ട് ഗാസ അഭയാർഥി ക്യാമ്പുകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി വ്യാഴാഴ്ച ടെൽ അവീവിൽ റോക്കറ്റാക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു.
ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെ ഒന്നിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടു. വിമാനത്താവളത്തിന് സമീപം ഇസ്രേലി പ്രതിരോധസംവിധാനമായ അയൺ ഡോം ഈ റോക്കറ്റുകളെ തടഞ്ഞു. ആക്രമണത്തെ തുടർന്ന് വിമാനങ്ങൾക്ക് വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ.
"അൽ-ഷാതിയിലെയും ജബാലിയയിലെയും ക്യാമ്പുകളിലെ സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി എസെദീൻ അൽ-ഖസ്സാം ബ്രിഗേഡുകൾ ടെൽ അവീവിലേക്ക് റോക്കറ്റുകൾ തൊടുത്തു..- ഹമാസ് മാധ്യമപ്രവർത്തകർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ അൽ-ഷാതി ക്യാമ്പിന്റെ ദിശയിലേക്കും വടക്കൻ ഗാസയിലേക്കും 30 മിനിറ്റിലധികം വ്യോമാക്രമണങ്ങൾ നടന്നതായി എഎഫ്പി അറിയിച്ചു.
അൽ-ഷാതി ക്യാമ്പിലും ജബാലിയ ക്യാമ്പിലും നടന്ന ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അൽ-ബുസും പറഞ്ഞു.