തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊല; രണ്ട് ഗുണ്ടാനേതാക്കളെ പോലീസ് വെടിവച്ചുകൊന്നു
Thursday, October 12, 2023 10:49 AM IST
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ രണ്ട് ഗുണ്ടാനേതാക്കളെ പോലീസ് വെടിവച്ചുകൊന്നു. സതീഷ്, മുത്തു ശരവണൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
തിരുവള്ളൂർ സോലവാരത്താണ് പോലീസും ഗുണ്ടകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇരുവരെയും പ്രദേശത്തുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്. വീട് വളഞ്ഞതിനു പിന്നാലെ സതീഷ് പോലീസിനു നേരെ വെടിയുതിർത്തെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു.
സതീഷിന്റെ തലയിലും മുത്തു ശരവണന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പിന്നീട് മൃതദേഹങ്ങൾ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
അണ്ണാ ഡിഎംകെ നേതാവ് പാർഥിപന്റെ കൊലപാതകം ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. കൃത്യത്തിനു പിന്നാലെ ഒളിവിൽപോയ സതീഷിനു വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇയാളുടെ സുഹൃത്തും ഏഴു കേസുകളിൽ പ്രതിയുമാണ് മുത്തു ശരവണൻ.