മണ്ഡല വികസനത്തിന് ഫണ്ട് വേണം; ഡി.കെ.ശിവകുമാറിന്റെ കാലുപിടിച്ച് ബിജെപി എംഎൽഎ
Thursday, October 12, 2023 8:04 AM IST
ബംഗളൂരു: മണ്ഡല വികസനത്തിനായി ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കാലുപിടിച്ച് ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനിരത്ന.
തന്റെ മണ്ഡലമായ രാജരാജേശ്വരീ നഗറില്‍ വികസനത്തിന് ഫണ്ടനുവദിക്കുന്നത് ആവശ്യപ്പെട്ട് നിവേദനം നല്കിയ വേളയിലാണ് മുനിരത്നയുടെ കാലുപിടിത്തം.
മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ മറ്റു പ്രവൃത്തികള്‍ക്ക് വകമാറ്റുന്നതായി ആരോപിച്ച് മുനിരത്നയും ബിജെപി പ്രവര്‍ത്തകരും ഇന്നലെ രാവിലെ വിധാന്‍സൗധയിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ പ്രതിഷേധിച്ചിരുന്നു.
ഇതിനുശേഷമാണ് ശിവകുമാറിന് നിവേദനം നൽകിയത്. പാലസ് മൈതാനത്ത് മറ്റൊരു ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുന്പോൾ മുനിരത്ന കാലിൽ തൊടുകയായിരുന്നു.
തുടർന്ന് ശിവകുമാര്‍ മുനിരത്നയെ കൈപിടിച്ചുയര്‍ത്തി ചേര്‍ത്തുനിര്‍ത്തി അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പിന്നീട് മുനിരത്ന ഡി.കെ. ശിവകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
മുന്‍പ് കോൺഗ്രസ് എംഎൽഎയായിരുന്ന മുനിരത്ന 2019ല്‍ രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു. 2021ലെ ബസവരാജ് ബൊമ്മെ സര്‍ക്കാരില്‍ മന്ത്രി സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു.