ലബനൻ അതിർത്തിയിലും സൈനികനീക്കം; തെക്കൻ പട്ടണങ്ങളിൽ ഇസ്രേലി ഷെല്ലാക്രമണം
Wednesday, October 11, 2023 3:36 PM IST
ബെയ്റൂട്ട്: ഗാസയ്ക്കു പിന്നാലെ ലബനൻ അതിർത്തിയിലേക്കും സൈനികവിന്യാസം നടത്തി ഇസ്രയേൽ. അതിർത്തിയിൽ ഇസ്രേലി ടാങ്കറുകൾ വിന്യസിച്ചു. ലബനനിൽ നിന്ന് വീണ്ടും ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സൈനികവിന്യാസമെന്ന് ഇസ്രയേൽ അറിയിച്ചു.
അതിർത്തി കടന്നുള്ള ആക്രമണം നാലാം ദിവസത്തിലേക്കും വ്യാപിക്കുന്നതിനിടെ ലെബനനിൽ നിന്ന് ഇസ്രേലി ടാങ്കുകൾ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയായി ബുധനാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ ഷെല്ലാക്രമണം നടത്തി.
ലെബനൻ ഗ്രാമമായ ധൈറയ്ക്ക് എതിർവശത്ത് ഇസ്രായേൽ നഗരമായ അറബ് അൽ-അറാംഷെക്ക് സമീപമാണ് ആക്രമണം ഉണ്ടായതെന്ന് പ്രസ്താവനയിൽ പറയുന്നു. ലബനനിൽ നിന്ന് ഹിസ്ബുള്ള ഇസ്രായേലിലേക്ക് രണ്ട് മിസൈലുകൾ തൊടുത്തുവിട്ടതായി ലെബനീസ് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
തങ്ങളുടെ പട്ടണത്തിന് ചുറ്റും ഇസ്രേലി ഷെല്ലാക്രമണം നടക്കുന്നുണ്ടെന്ന് തെക്കൻ ലെബനീസ് പട്ടണമായ റമെയ്ഷിലെ നിവാസികൾ പറഞ്ഞു, ധൈറ ഗ്രാമത്തിന് ചുറ്റുമുള്ള റോക്കറ്റ് ലോഞ്ച് പോയിന്റിലും ഇസ്രേലി പീരങ്കി ഷെല്ലുകൾ പതിക്കുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഗാസ അതിർത്തിയിൽ മൂന്നുലക്ഷത്തോളം സൈനികരാണ് യുദ്ധസജ്ജരായി അണിനിരന്നത്. ഏതുനിമിഷവും ദൗത്യം ആരംഭിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഹമാസിനെ നിരായുധീകരിക്കുംവരെ യുദ്ധമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു.