പോപ്പുലർ ഫ്രണ്ട്: രാജ്യത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
Wednesday, October 11, 2023 12:03 PM IST
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് രാജ്യത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഡൽഹിക്ക് പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലുമായാണ് റെയ്ഡ്. പുലർച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ഡൽഹിയിൽ ഷഹീൻബാഗ്, ബല്ലിമാരൻ എന്നിവയുൾപ്പെടെ മൂന്നിടങ്ങളിലാണ് റെയ്ഡ്. തമിഴ്നാട്ടിൽ മധുര, ചെന്നൈ,തേനി, ഡിണ്ടിഗൽ ജില്ലകളിലായി പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന.
മുംബൈയിലെ വിക്രോളി മേഖലയിലെ അബ്ദുൾ വാഹിദ് ഷെയ്ഖിന്റെ വസതിയിലും റെയ്ഡ് നടത്തി. മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ കുറ്റവിമുക്തനായ ആളാണ് അബ്ദുൾ വാഹിദ് ഷെയ്ഖ്.
കഴിഞ്ഞ മാസം കേരളത്തിലെ പിഎഫ്ഐ മുൻനേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. തൃശൂർ, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലായിരുന്നു റെയ്ഡ്.