സിസിടിവി കാമറ നശിപ്പിച്ച ആറു യുവാക്കൾ പിടിയിൽ
Wednesday, October 11, 2023 7:27 AM IST
കൊല്ലം: കണ്ണനല്ലൂർ ചേരിക്കോണത്ത് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിന് സ്ഥാപിച്ചിരുന്ന ഐപി കാമറ നശിപ്പിച്ച സംഭവത്തിൽ ആറുപേരെ പോലീസ് പിടികൂടി.
പാലമുക്ക് കല്ലുവെട്ടാംകുഴി റോഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് കുരിശടിക്കു സമീപം സ്ഥാപിച്ചിരുന്ന ഐപി കാമറയാണ് നശിപ്പിച്ചത്.
ചേരിക്കോണം അലൻ ഭവനിൽ അക്ഷയ്കുമാർ (20), ചേരിക്കോണം അനന്തുഭവനിൽ നന്ദു (20), എഴുകോൺ നെടുമൺകാവ് ചൈത്രംഭവനിൽ അനന്തു (19), ചേരിക്കോണം രമ്യാഭവനിൽ രാഹുൽ( 22), ചേരിക്കോണം അരുൺഭവനിൽ അമർ ദീപ് (20), തഴുത്തല മനീഷാഭവനിൽ അദ്വൈത് (19 )എന്നിവരെയാണ് പിടികൂടിയത്.
പൊതു മുതൽ നശിപ്പിച്ച വകുപ്പ് പ്രകാരമാണ് ഇവർക്ക് എതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എട്ടിന് പുലർച്ചെ 1.15 - നായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ യുവാക്കൾ റോഡരുകിൽ സ്ഥാപിച്ചിരുന്ന കാമറ നശിപ്പിക്കുന്ന ദൃശ്യങ്ങൾ ഇവർ നശിപ്പിച്ച കാമറയിൽ തന്നെ പതിഞ്ഞിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ഇന്നലെ പുലർച്ചെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.