മെക്സിക്കോയുടെ പസിഫിക് തീരത്തിനു നേരെ പാഞ്ഞടുത്ത് 'ലിഡിയ'; ചുഴലിക്കാറ്റ് അതിശക്തമാവുമെന്ന് സൂചന
Wednesday, October 11, 2023 6:57 AM IST
ന്യൂയോര്‍ക്ക്: ഭീകരരൂപം പ്രാപിച്ചേക്കാവുന്ന ചുഴലിക്കാറ്റ് "ലിഡിയ' മെക്സിക്കോയുടെ പസിഫിക് തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി വിവരം.
നശീകരണശേഷിയില്‍ വിഭാഗം നാലില്‍ പെടുന്ന ലിഡിയയുടെ വേഗം മണിക്കൂറില്‍ 140 മൈല്‍ (220 കി.മി) ആണെന്നും 30 സെന്റിമീറ്റര്‍ മഴ പെയ്യാന്‍ ഇത് പര്യാപ്തമാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
യുഎസ് നാഷണല്‍ ഹരികെയ്ന് സെന്റര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ബുള്ളറ്റിന് അനുസരിച്ച് മെക്സിക്കോയിലെ തീരദേശ നഗരമായ പ്യൂര്‍ട്ടോ വല്ലാര്ട്ടയ്ക്ക് 177 കി.മി അകലെയാണ് ലിഡിയ. നഗരത്തിലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
ചുഴലിക്കാറ്റ് അടുക്കുന്നതിന്റെ ഭാഗമായുണ്ടായ വേലിയേറ്റത്തില്‍ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലെ ചില റിസോര്‍ട്ടുകളില്‍ വെള്ളം കയറി. ദുരന്തമുണ്ടാകാനിടയുള്ള പ്രദേശങ്ങളിലെ ആളുകളെ സഹായിക്കാന്‍ 6000 സൈനികരെ നിയോഗിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോർ അറിയിച്ചു.