പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തു; ഡിവൈഎഫ്ഐ നേതാവിനെതിരേ പുതിയ ആരോപണം
Tuesday, October 10, 2023 3:20 PM IST
തൃശൂര്‍: അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട ഡിവൈഎഫ്ഐ തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എന്‍.വി.വൈശാഖനെതിരേ വീണ്ടും ആരോപണം. പരാതി പിന്‍വലിക്കാന്‍ വൈശാഖന് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നു.
തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരേ പരാതി നൽകിയ അജിത് കൊടകരയ്ക്കാണ് ഇയാള്‍ പണം വാഗ്ദാനം ചെയ്തത്. പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വെള്ളിക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി റവന്യൂഭൂമിയിൽനിന്ന് അനധികൃതമായി ഖനനം നടത്തുന്നതിനെതിരേയാണ് അജിത് വിജിലന്‍സില്‍ പരാതി നല്‍കിയത്. അനധികൃത ഖനനത്തിനെതിരെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് കാട്ടിയായിരുന്നു പരാതി.
ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വൈശാഖന് അജിത്തിനെ സമീപിച്ചത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങള്‍ വൈശാഖന് നിഷേധിച്ചിട്ടില്ല.
അഭിഭാഷകന് എന്ന നിലയിലാണ് വിഷയത്തില്‍ ഇടപെട്ടതെന്നാണ് വൈശാഖന്റെ വിശദീകരണം. സംഭവത്തില്‍ മധ്യസ്ഥത വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇയാള്‍ പ്രതികരിച്ചു.
അതേസമയം അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയില്‍ പാർട്ടിതല നടപടി നേരിട്ടയാളാണ് വൈശാഖന്. പരാതി ഉയര്‍ന്നതിന് പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, കൊടകര സിപിഎം ഏരിയാകമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍നിന്ന് ഇയാളെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു.