അഭിഭാഷക പ്രതിയായ വ്യാജ ഉത്തരവ് ചമയ്ക്കല്‍ കേസ്: പോലീസ് രേഖകൾ പരിശോധിക്കുന്നു
Monday, October 9, 2023 3:59 PM IST
കൊച്ചി: ഹൈക്കോടതി അഭിഭാഷക പ്രതിയായ വ്യാജ ഉത്തരവ് ചമക്കല്‍ കേസില്‍ ഇവര്‍ ഉണ്ടാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പാലാരിവട്ടം സ്വദേശി പി.ജെ. ജൂഡ്സണിന്റെ പരാതിയില്‍ ഹൈക്കോടതി അഭിഭാഷക പാര്‍വതി എസ്. കൃഷ്ണയ്ക്ക് എതിരേ ഫോര്‍ട്ട് കൊച്ചി പോലീസാണ് കേസെടുത്തത്.
നിലമായിരുന്ന ഭൂമി പുരയിടമാക്കി തരംമാറ്റിയെന്ന ഹൈക്കോടതി ഉത്തരവും തരംമാറ്റല്‍ നടപടി നടക്കുന്നതായി ആര്‍ഡിഒ ഓഫീസില്‍നിന്നുള്ള കത്തുമാണ് വ്യാജമായി തയാറാക്കിയത്. രേഖകള്‍ പരിശോധിച്ച ശേഷമേ പരാതിയില്‍ അഭിഭാഷകയെ ചോദ്യം ചെയ്യുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
ജൂഡ്സണിന്റെ പാലാരിവട്ടത്തെ 11.300 സെന്റ് നിലം 75,000 രൂപ ഫീസ് നല്കിയാല് തണ്ണീര്‍ത്തടസംരക്ഷണ നിയമപ്രകാരം പുരയിടമാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വക്കാലത്തും ഒപ്പിടുവിച്ചു. 40,000 രൂപയും കൈവശപ്പെടുത്തി.
തുടര്‍ന്ന് ജൂഡ്സണെ കബളിപ്പിക്കാന്‍ വ്യാജമായി തയാറാക്കിയ ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവും ആര്‍ഡിഒ ഒപ്പിട്ട കത്തുകളും നോട്ടീസുകളും കാണിച്ചു. ഉത്തരവിന്റെ പകര്‍പ്പുമായി ആര്‍ഡിഒ ഓഫീസില്‍ എത്തിയപ്പോഴാണ് വ്യാജമാണെന്ന് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതെന്ന് ജൂഡ്സണ് പറയുന്നു.