സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ വ്യാമോഹം: കെ. സുരേന്ദ്രൻ
Sunday, October 8, 2023 5:42 PM IST
പത്തനംതിട്ട: മന്ത്രിയായിരുന്ന കാലത്ത് ചെയ്ത കൊള്ളരുതായ്മകള്‍ വെളിച്ചത്തുവരാതിരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് സുരേഷ് ഗോപിക്കെതിരെയുള്ള എ.സി. മൊയ്തീന്റെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്.
സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെന്ന എ.സി. മൊയ്തീന്റെ പ്രതികരണത്തിനു മറുപടിയുമായി പറയുകയായിരുന്നു സുരേന്ദ്രൻ.
സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയ്ക്കുവേണ്ടി എന്തിനാണ് ഇഡി കളമൊരുക്കുന്നത്. സുരേഷ് ഗോപി 2019 ല്‍ മത്സരിച്ചത് ഈഡി കളമൊരുക്കിയിട്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
സുരേഷ് ഗോപി രാജ്യസഭാംഗമായത് ഇഡി കളമൊരുക്കിയിട്ടാണോ. സുരേഷ് ഗോപിയ്ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് ആരെങ്കിലും കളമൊരുക്കിയിട്ടാണോ. തെറ്റുകള്‍ മറച്ചുവയ്ക്കാന്‍ മറ്റുചിലയാളുകളെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാമെന്നാണ് മൊയ്തീന് വിചാരിക്കുന്നത്.
പക്ഷെ മൊയ്തീന് ഇതില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഈ കള്ളത്തരത്തിനെല്ലാം കൂട്ടുനിന്നത് മൊയ്തീനാണ്. മൊയ്തീനും മൊയ്തീന്റെ ബിനാമികളും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്നാണ് കരുവന്നൂരില്‍ വലിയ കൊള്ള നടത്തിയത്.
കറുത്ത കൈകളാണ് മൊയ്തീന്റേത്. അത് സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.