സിക്കിമിലെ പ്രളയത്തിൽ മരണം 25 ആയി; കണ്ടെത്താനുള്ളത് 143 ആളുകളെ
Saturday, October 7, 2023 6:45 AM IST
ഗാംഗ്ടോക്: സിക്കിമിലുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 25 ആയി. കാണാതായ സൈനികരിൽ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. 15 സൈനികരടക്കം 143 പേരെ ഇനിയും കണ്ടെത്താനുണ്ട്.
25,000 പേരെ പ്രളയം ബാധിച്ചുവെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപവീതം ആശ്വാസധനം പ്രഖ്യാപിച്ചു.
നാലു ജില്ലകളിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 7644 പേരാണുള്ളത്. പാക്യോംഗ് ജില്ലയിലെ റാംഗ്പോയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും സമിതി രൂപവത്കരിച്ച് വിശകലനം പൂർത്തിയാക്കിയശേഷമേ കൃത്യമായ വിവരങ്ങൾ അറിയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതത്തിൽനിന്ന് 44.8 കോടി രൂപ മുൻകൂർ തുകയായി സിക്കിമിന് നൽകാൻ ആഭ്യന്തരമന്ത്രി അമിത് ഷാ അനുമതി നൽകി.
നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഉടൻ സിക്കിമിലെത്തും. വടക്കൻ സിക്കിമിലെ ലെനാക് തടാകത്തിനടുത്ത് ബുധനാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നാണ് മിന്നൽപ്രളയമുണ്ടായത്.
വടക്കൻ സിക്കിമിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്. ലാച്ചൻ, ലാചുംഗ് പ്രദേശങ്ങളിൽ വിനോദസഞ്ചാരികളും ഡ്രൈവർമാരും ഇരുചക്രവാഹനയാത്രികരും ഉൾപ്പെടെ 3000ലധികം പേർ കുടുങ്ങിക്കിടക്കുന്നതായി ചീഫ് സെക്രട്ടറി വിജയ് ഭൂഷൺ പഥക് പറഞ്ഞു. ഇവരെ കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഒഴിപ്പിക്കാനാണ് പദ്ധതി.