സമാധാന നൊബേല്‍ ഇറാന് ജയിലിലേക്ക്; പുരസ്കാരം മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിയ്ക്ക്
Friday, October 6, 2023 2:59 PM IST
സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് സഫിയ മുഹമ്മദിയ്ക്ക്(51). സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് പുരസ്കാരം.
ഇറാൻ ഭരണകൂടത്തിനെതിരേ പോരാടിയതിന് വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി 13 തവണ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് നര്‍ഗസ്. വിചാരണ കൂടാതെ 31 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവര്‍ നിലവില്‍ ടെഹ്റാനിലെ എവിന്‍ ജയിലില്‍ കഴിയുകയാണ്.
ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യക്തിജീവിതത്തില്‍ നിരവധി നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നയാളാണ് നര്‍ഗസ് എന്ന് പുരസ്കാര സമിതി വിലയിരുത്തി. നര്‍ഗസിനെ ജയില്‍ മോചിതയാക്കണമെന്നും പുരസ്കാരം നേരിട്ട് വന്ന് സ്വീകരിക്കാന്‍ അനുവദിക്കണമെന്നും സമിതി ഇറാന് ഭരണകൂടത്തെ അറിയിച്ചു.
ഇറാനില്‍ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായിരിക്കുന്ന സമയത്താണ് നര്‍ഗസിന് പുരസ്കാരം ലഭിച്ചത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ മതപോലീസ് കഴിഞ്ഞ വർഷം പെണ്‍കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാല രാജ്യത്തുണ്ടായ പ്രക്ഷോഭത്തില്‍ 300ല്‍ അധികം ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 100ഓളം ആളുകള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഡിഫെന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്റര്‍ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റാണ് പുരസ്കാര ജേതാവായ നര്‍ഗസ്.