വാതുവയ്പ് കേസ്: രണ്‍ബീറും ശ്രദ്ധയും ഇന്ന് ഹാജരായേക്കില്ല
Friday, October 6, 2023 10:23 AM IST
മുംബൈ: മഹാദേവ വാതുവയ്പ്പ് കേസിൽ ബോളിവുഡ് നടൻ രണ്‍ബീർ കപൂർ ഇന്ന് ചോദ്യംചെയ്യലിന് ഹാജരായേക്കില്ല. റായ്പുരിലെ ഇഡി ഓഫീസിലെത്താനാണ് താരത്തിന് നോട്ടീസ് നല്‍കിയിരുന്നത്. നേരിട്ട് ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ സാവകാശം നടൻ തേടിയിട്ടുണ്ട്.
രണ്‍ബീറിനൊപ്പം നടി ശ്രദ്ധ കപൂറിനും ഇന്ന് ചോദ്യംചെയ്യലിന് എത്താനുള്ള നോട്ടീസ് നല്‍കിയിരുന്നു. അവരും ഇന്ന് ഹാജരാകാൻ സാധ്യതയില്ല. ഇരുവർക്കുമൊപ്പം നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, കോമേഡിയൻ കപിൽ ശർമ എന്നിവർക്കും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരും ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല.
ബോളിവുഡിനെ പിടിച്ചുലച്ച മഹാദേവ ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നതായാണ് സൂചന. ആപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. ആപ്പിന്റെ പ്രമോട്ടർമാരിലൊരാളായ സൗരഭ് ചന്ദ്രാകറിന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകളിലും താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.
താരങ്ങൾക്ക് പരസ്യഇനത്തിൽ കൊടുത്ത പണം ഹവാല ഇടപാട് വഴിയുള്ളതാണെന്ന് ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇഡി നടത്തുന്നുണ്ട്. മാത്രമല്ല, ഇത്തരം ആപ്പിന് പ്രചാരണം നല്‍കുന്നതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സാന്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതടക്കം പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്.
നിലവിൽ താരങ്ങളെ ആരെയും കേസിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടില്ല, എന്നാൽ ആപ്പിന്റെ പ്രൊമോട്ടർമാർ അവർക്ക് പണം നല്കിയ രീതിയെയും ഇടപാടുകളെയും കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യൽ.
രൺബീർ കപൂർ മഹാദേവ ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിനായി നിരവധി പരസ്യങ്ങൾ ചെയ്യുകയും ആപ്പിന്റെ വരുമാനത്തിൽ നിന്ന് വലിയ തുക കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മഹാദേവ ആപ്പ്
അനധികൃത വാതുവെപ്പ് വെബ്സൈറ്റുകൾക്ക് പുതിയ ഉപയോക്താക്കളെ എൻറോൾ ചെയ്യുന്നതിനും യൂസർ ഐഡികൾ സൃഷ്ടിക്കുന്നതിനും ബെനാമി ബാങ്ക് അക്കൗണ്ടുകളുടെ ലേയേർഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനുമായുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പ്രദാനം ചെയ്യുന്ന ഒരു വേദിയാണ് മഹാദേവ ആപ്പെന്നാണ് ഇഡി കണ്ടെത്തൽ.
കമ്പനിയുടെ പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രാകറും രവി ഉപ്പലും ഛത്തീസ്ഗഡിലെ ഭിലാ സ്വദേശികളാണ്. ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവർ ഇത്തരത്തിൽ നാലോ അഞ്ചോ ആപ്പുകൾ പ്രവർത്തിപ്പിക്കുകയും പ്രതിദിനം 200 കോടി രൂപ സമ്പാദിക്കുകയും ചെയ്തതായി അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസി അന്വേഷിക്കുന്നവരെയും ആകർഷിക്കുന്നതിനായി വാതുവെപ്പ് വെബ്സൈറ്റുകളുടെ പരസ്യത്തിനായി അവർ ഇന്ത്യയിൽ വൻതുക ചെലവഴിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തി.
മഹാദേവ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മുംബൈ, കൊൽക്കത്ത, ഭോപ്പാൽ എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 417 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.