നിയമന കോഴക്കേസ്: സ്റ്റേഷനിൽ ഹാജരാകാതെ ഹരിദാസൻ; മുങ്ങിയതെന്ന് പോലീസ്
Wednesday, October 4, 2023 2:43 PM IST
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമന കോഴക്കേസിൽ ആരോപണമുന്നയിച്ച ഹരിദാസൻ ഇന്നും കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായില്ല. ഹരിദാസനെ ഫോണിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഹരിദാസനോട് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്.
അന്വേഷണത്തോട് സഹകരിക്കാതെ ഹരിദാസൻ മുങ്ങിയതാണെന്നും മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
ഹരിദാസനാണ് മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. ചൊവ്വാഴ്ച ഇയാളുടെ കൂട്ടുകാരനായ ബാസിതിനെ ചോദ്യംചെയ്തിരുന്നു. കേസിലെ മറ്റൊരു കണ്ണിയായ റഹീസിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ബാസിതിനെയും ഹരിദാസിനെയും ഒരുമിച്ച് ഇരുത്തി ചോദ്യംചെയ്യുന്നതിലൂടെ മറ്റു ചില കാര്യങ്ങൾക്ക് വ്യക്തത വരുത്താമെന്നാണ് പോലീസ് കരുതിയത്.
ഇന്നും ഹാജരാകാത്തതോടെ ഹരിദാസ് നല്കിയ മൊഴിയിലും ദുരൂഹതയുണ്ടെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് ഒരുലക്ഷം രൂപ കോഴ നല്കിയെന്ന് ഹരിദാസൻ ആരോപിക്കുന്നുണ്ടെങ്കിലും അത് നുണയാണെന്നാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസിന്റെ വിലയിരുത്തൽ.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ വ്യാജ പരാതി നല്കിയത് എന്തിനെന്ന അന്വേഷണത്തിലേക്കും പോലീസ് കടന്നു. കേസിൽ ഒളിവിൽ കഴിയുന്ന രണ്ട് പ്രധാന പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.