ചെ​ന്നൈ: ക​ളി​ത്തോ​ക്കു​മാ​യി ട്രെ​യി​നി​ല്‍ സഞ്ചരിച്ചപ്പോൾ അറസ്റ്റിലായ നാ​ല് മ​ല​യാ​ളി യു​വാ​ക്ക​ള്‍ നിരപരാധികളെന്ന് റെ​യി​ല്‍​വേ പോലീസ്. ഇവര്‍ തോക്കുമായി സംസാരിക്കുന്ന രീതി കണ്ട് ഒരു സഹയാത്രികന്‍ തെറ്റിധാരിക്കുകയായിരുന്നു.

പരിഭ്രാന്തനായ ഇയാൾ റെ​യി​ല്‍​വേ ക​ണ്‍​ട്രോ​​ള്‍ റൂ​മി​ല്‍ വി​ളിച്ച​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.പാ​ല​ക്കാ​ട്-തി​രു​ച്ചെ​ണ്ടൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ലാ​യിരുന്നു സം​ഭ​വം. മ​ല​പ്പു​റം സ്വ​ദേ​ശി​ അ​മീ​ന്‍ ഷെ​രീ​ഫ്(19), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ അ​ബ്ദു​ള്‍ റ​സീക്(24) പാ​ല​ക്കാ​ടു​കാ​ര​നാ​യ ജപല്‍ ഷാ(18) ​കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ മു​ഹ​മ്മ​ദ് ഷി​നാ​ന്‍(20) എ​ന്നി​വ​രാ​ണ് പിടിയിലാ​യ​ത്.

കൊ​ടൈ​ക്ക​നാ​ല്‍ റോ​ഡ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​വ​ച്ചാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. സഹയാത്രികന്‍റെ സംശയത്തെതുടർന്ന് 20 പേ​ര്‍ അ​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം ക​മ്പാ​ര്‍​ട്ടു​മെ​ന്‍റ് വ​ള​ഞ്ഞാ​ണ് യുവാക്കളെ പി​ടി​കൂ​ടി​യ​ത്.

എന്നാൽ യുവാക്കളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തപ്പോഴാണ് യഥാർഥ ചിത്രം പുറത്തുവന്നത്. മ​ധു​ര​യി​ല്‍ എ​ത്തി രാ​മ​നാ​ഥ​പു​ര​ത്തി​ന് പോ​കാ​നായി വന്നവരായിരുന്നു ഇവർ. ട്രെ​യി​നി​ല്‍ യുവാക്കൾ കാട്ടിയ തമാശ സഹയാത്രികന്‍ തെറ്റിധരിച്ചതാണെന്ന് പോ​ലീ​സ് പറയുന്നു.

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാൽ പോലീസിനെ കണ്ട് യുവാക്കൾ ഓടിയതായും ഇത് തെറ്റിധാരണയ്ക്ക് ആക്കം കൂട്ടിയതായും റെ​യി​ല്‍​വേ പോലീസ് പറഞ്ഞു. യുവാക്കൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ല.

സഹയാത്രക്കാരന്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. അതിനാൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്‍റെ പിഴ ഇടാക്കിയശേഷം ഇവരെ വിട്ടയയ്ക്കുമെന്നാണ് റയില്‍വേ പോലീസ് നൽകുന്ന വിവരം.