അനിൽകുമാറിന്റെ തട്ടം പ്രസ്താവന ബോധപൂർവം: ചെന്നിത്തല
Tuesday, October 3, 2023 7:34 PM IST
തിരുവനന്തപുരം: മുസ്ലിം വനിതകൾ തട്ടമിടുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം.അനിൽകുമാർ നടത്തിയ പ്രസ്താവന ബോധപൂർവമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിൽ ബിജെപിയെ സജീവമായി നിർത്തുക എന്ന ലക്ഷ്യം വച്ചാണ് സിപിഎം നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പിറവിക്ക് തന്നെ കാരണം സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരാൾ തട്ടം ഇടണോ വേണ്ടയോ എന്നത് വ്യക്തിപരവും വിശ്വാസവുമായും ബന്ധപ്പെട്ട കാര്യമാണ്. ഇക്കാര്യത്തിനെ എങ്ങനെ പുരോഗമന വാദവുമായി ബന്ധിപ്പിക്കാൻ കഴിയും. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും സിപിഎം ഇതേനിലപാടാണ് സ്വീകരിച്ചതെന്നും അവർക്ക് ഇത്തരം കാര്യങ്ങളിൽ രഹസ്യ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബിജെപിയെ സംസ്ഥാനത്ത് സജീവമായി നിർത്തിയാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്. ഇത് മുന്നിൽ കണ്ടാണ് ഇത്തരം തരംതാണ പ്രസ്താവനകൾ പാർട്ടി നേതാക്കൾ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയായ കുഴൽപ്പണക്കേസും ലാവലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കപ്പെടുന്നതും ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസ് കേരളത്തിൽ എൽഡിഎഫിനൊപ്പം തുടരുന്നതും ഒക്കെ ബിജെപി-സിപിഎം കൂട്ടുകെട്ടിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.