ഐഎസ് ഭീകരന് ഷാനവാസ് കേരളത്തിലുമെത്തി; വനമേഖലയില്‍ താമസിച്ചു
Monday, October 2, 2023 4:45 PM IST
തിരുവനന്തപുരം: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന് മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയെന്ന് വിവരം.
വനപ്രദേശങ്ങളിലാണ് ഇയാള്‍ തമ്പടിച്ചിരുന്നത് എന്നാണ് സൂചന. ഐഎസ് പതാകവച്ച് ചിത്രങ്ങളും എടുത്തു. ചിത്രങ്ങള്‍ കണ്ടുകിട്ടിയെന്ന് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആളൊഴിഞ്ഞ കൃഷിഭൂമിയിലും വനപ്രദേശത്തും പരിശീലനം നടത്തിയതായും കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തിയതായും വിവരമുണ്ട്.
പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് ഡൽഹിയിൽ നിന്നും മുഹമ്മദ് ഷാനവാസിനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.
നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇയാളെ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിലിരിക്കവെ ഇയാൾ ആസൂത്രിതമായി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു.
ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്നുലക്ഷം രൂപ ഡൽഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. മുഹമ്മദ് ഷാനവാസിനൊപ്പം മറ്റു മൂന്നു പേരും കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.