വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘം; ഭക്ഷണസാധനങ്ങൾ ശേഖരിച്ചു, ലാപ്ടോപ് ചാർജ് ചെയ്തു മടങ്ങി
Monday, October 2, 2023 3:39 PM IST
വയനാട്: കമ്പമലയ്ക്ക് സമീപം തലപ്പുഴ ചുങ്കപൊയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തവിഞ്ഞാല്‍ വെളിയത്ത് ജോണിയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി മാവോയിസ്റ്റുകളെത്തിയത്.
രാത്രി 7.30ന് എത്തിയ ഇവർ 10.30വരെ വീട്ടിൽ ചിലവഴിച്ചുവെന്നും ഭക്ഷണസാധനങ്ങളുമായിട്ടാണ് മടങ്ങിയതെന്നും ജോണി പറഞ്ഞു.
നാല് നാടന്‍ തോക്കുകളും രണ്ട് യന്ത്രത്തോക്കുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നെന്നും ലാപ്ടോപും ഫോണും ചാർജ് ചെയ്തിട്ടാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചംഗ സംഘമാണ് ജോണിയുടെ വീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം കന്പമലയിലെ കെഎഫ്ഡിസിയുടെ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ചു തകര്‍ത്തിരുന്നു.
ഇതിന് പിന്നാലെ മാവോയിസ്റ്റുകൾക്കായുള്ള അന്വേഷണം ഊർജിതമാക്കുന്നതിനിടയിലാണ് ഇവര്‍ ഇവിടെയെത്തി മടങ്ങിയത്. അക്രമണത്തിന് നേത്യത്വം നൽകിയ സി.പി. മൊയ്തീനും ജോണിയുടെ വീട്ടിലെത്തിയിരുന്നു.
കമ്പമലയെക്കുറിച്ചുള്ള വിഷയങ്ങൾ വീട്ടുകാരോട് ചോദിച്ചറിഞ്ഞതിന് ശേഷം പത്രത്തിലെ ചില വാർത്തകൾ മുറിച്ചെടുത്താണ് സംഘം മടങ്ങിയതെന്നും കുടുംബനാഥൻ പറഞ്ഞു.