മത്സരിക്കാനില്ലെന്ന് കത്തു നൽകി യശോധര; അനന്തിരവൻ ജോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽ സ്ഥാനാർഥിയായേക്കും
Saturday, September 30, 2023 11:10 PM IST
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ കന്നിയങ്കത്തിനു കളമൊരുങ്ങുന്നു.
ജോതിരാദിത്യയുടെ ബന്ധുവും മധ്യപ്രദേശ് മന്ത്രിയുമായ യശോധര രാജ സിന്ധ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു കാട്ടി ബിജെപി നേതൃത്വത്തിന് കത്തയച്ചതോടെയാണ് ജോതിരാദിത്യയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാലു തവണ നിയമസഭാംഗവും മന്ത്രിയുമായ യശോധര രാജ സിന്ധ്യ പാർട്ടി നേതൃത്വത്തിന് കത്തയച്ചത്. യശോധരയ്ക്ക് നാലു തവണ കോവിഡ് ബാധിച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് തെരഞ്ഞടുപ്പിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുമെന്ന് യശോധര മൂന്നു മാസം മുന്‍പു തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമ പറഞ്ഞു.
ജോതിരാദിത്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ യശോധരയുടെ മണ്ഡലമായ ശിവ്പുരി, ബാമോരി, കോലാരസ് എന്നിവിടങ്ങളില്‍ ഒന്നിൽനിന്നാകും മത്സരിക്കുക എന്നും റിപ്പോർട്ടുണ്ട്.
ഈ മൂന്ന് നിയമസഭാ മണ്ഡലങ്ങളും അദ്ദേഹത്തിന്റെ മുൻ ലോക്സഭാ മണ്ഡലമായ ഗുണയുടെ ഭാഗമാണ്. മൂന്നുതവണ തുടർച്ചയായി വിജയിച്ച ഗുണയിൽ, 2019ൽ പരാജയപ്പെട്ട ജ്യോതിരാദിത്യ ബിജെപിയിലെത്തിയ ശേഷം രാജ്യസഭാംഗമായാണ് കേന്ദ്ര മന്ത്രിസഭയിൽ ഇടംപിടിച്ചത്.