ജെഡിഎസിന് കേരളത്തില്‍ പുതിയ പാര്‍ട്ടി; തീരുമാനം ഏഴിന്; ‘ജനതാദള്‍ കേരള’ പരിഗണനയില്‍
Saturday, September 30, 2023 10:13 PM IST
കോഴിക്കോട്: കര്‍ണാടകത്തില്‍ ബിജെപിയുമായി ജെഡിഎസ് സഖ്യത്തിലായ സാഹചര്യത്തില്‍ കേരളത്തിലെ ജെഡിഎസ് പ്രവര്‍ത്തകര്‍ പുതിയ പാര്‍ട്ടി രുപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.
‘ജനതാദള്‍ കേരള’ എന്ന പേരിലുള്ള പാര്‍ട്ടിയാണ് പരിഗണനയില്‍. ഒരു മന്ത്രിയും ഒരു എംഎല്‍എയും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉള്ളതിനാല്‍ പുതിയ പാര്ട്ടിയുണ്ടാക്കുന്പോഴുണ്ടാകാവുന്ന കൂറുമാറ്റ പ്രശ്നങ്ങളും പരിശോധിക്കുന്നുണ്ട്.
മറ്റു പാര്‍ട്ടികളില്‍ ലയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമാണ് ജെഡിഎസ്. പാര്‍ട്ടി നേതാവായ കെ. കൃഷ്ണന്‍കുട്ടി വൈദ്യുതി മന്ത്രിയാണ്. സംസ്ഥാന പ്രസിഡന്റ് മാത്യു .ടി. തോമസാണ് മറ്റൊരു എം.എല്‍എ.
ത്രിതല പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് പ്രതിനിധികളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും പാര്‍ട്ടി പ്രതിനിധികള്‍ക്ക് മല്‍സരിക്കാന്‍ ചിഹ്നം നല്‍കിയത് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയാണ്. ആ ചിഹ്നത്തിലാണ് ജയിച്ചുവന്നതും.
പുതിയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ മന്ത്രിയും എംഎല്‍എയും മറ്റു ജനപ്രതിനിധികളും അതിന്റെ ഭാഗമാകാതെ പുറത്തുനില്‍ക്കേണ്ടിവരും. എന്നാല്‍ പ്രാദേശിക പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തതിനാല്‍ പ്രശ്നമില്ലെന്ന അഭിപ്രായവുമുണ്ട്.
അതുകൊണ്ടാണ് നിയമപരമായ കാര്യങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പുതിയ പാര്‍ട്ടിയുണ്ടാക്കി എസ്പിയില് ലയിക്കാനാണ് ആലോചന.