ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം താക്കീത്
Saturday, September 30, 2023 10:20 AM IST
തിരുവനന്തപുരം: ജെഡിഎസിന് സിപിഎമ്മിന്റെ താക്കീത്. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നാണ് മുന്നറിയിപ്പ്.
അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തിന് സിപിഎം നിര്‍ദേശം നല്കി. ഇതോടെ പ്രശ്നം പരിഹരിക്കാന്‍ ജെഡിഎസ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി.
ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് ജെഡിഎസിന്റെ സംസ്ഥാന നേതൃയോഗം ചേരാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്നോടിയായി പാര്‍ട്ടി ദേശീയ നേതൃത്വവുമായി സംസ്ഥാനത്തെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.
മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു.ടി.തോമസും ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ ഞായറാഴ്ച ബംഗളൂരുവിലെത്തി ജെഡിഎസിന്റെ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയെ കണ്ട് കേരളഘടകം എന്‍ഡിഎയ്ക്കൊപ്പം ഇല്ലെന്ന് വ്യക്തമാക്കും.
എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവഗൗഡ നേരത്തേ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന്മേല് അടിച്ചേല്പിക്കില്ല. കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവര്‍ക്ക് വിട്ടുവെന്നും ദേവഗൗഡ അറിയിച്ചിരുന്നു.