നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പ്രതി റോബിൻ ജോർജ് പിടിയിൽ
Friday, September 29, 2023 7:37 AM IST
കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ വളർത്തു നായ പരിശീലനത്തിന്റെ മറവല്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലെ പ്രതി റോബിന് ജോര്‍ജ് പിടിയില്‍. കേരള-തമിഴ്നാട്ടില്‍ അതിർത്തിയിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് റോബിൻ ജോർജിനെ പിടികൂടാൻ ഇയാൾ താമസിക്കുന്ന വീട്ടിൽ പോലീസ് എത്തിയിരുന്നു. എന്നാൽ പോലീസിന് നേരെ നായയെ അഴിച്ചു വിട്ടതിന് ശേഷം ഇയാൾ ഓടിരക്ഷപെടുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇയാളുടെ പുറകെയായിരുന്നു പോലീസ്. രണ്ട് തവണ ഇയാൾ പോലീസിനെ കബളിപ്പിച്ച് രക്ഷപെടുകയും ചെയ്തു. ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം.
ബന്ധുക്കളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇയാൾ എവിടെയുണ്ടെന്ന് സൂചന ലഭിച്ചത്. തുടർന്ന് വ്യാഴാഴ്ച അർധരാത്രിയോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ ഉച്ചയ്ക്ക് മുൻപായി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുമെന്നാണ് സൂചന.