ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി
Thursday, September 28, 2023 7:13 PM IST
തിരുവനന്തപുരം: കോല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
ഇത് ശമ്പളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള എല്ലാ സ്വാതന്ത്ര്യവും തുടര്‍ന്നും വഹിക്കാമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ ഉറപ്പിലാണ് പദവി ഏറ്റെടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശിച്ച ദിവസത്തില്‍തന്നെ പദവി ഏറ്റെടുക്കുമെങ്കിലും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധി ജയന്തി ദിനത്തില്‍ തൃശൂരില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ താന്‍ പങ്കെടുക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിനും കുറിപ്പില്‍ സുരേഷ് ഗോപി നന്ദി അറിയിച്ചു.