എം.എസ്.സ്വാമിനാഥന്റെ സംസ്കാരം ശനിയാഴ്ച നടന്നേക്കും
Thursday, September 28, 2023 1:59 PM IST
ചെന്നൈ: ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥന്റെ സംസ്കാരം ശനിയാഴ്ച നടക്കും. ചെന്നൈയിലായിരിക്കും സംസ്കാരമെന്ന് മകൾ സൗമ്യ അറിയിച്ചു.
സൗമ്യയുടെ രണ്ട് സഹോദരിമാർ വിദേശത്താണ്. ഇവർ എത്തുന്നതിന് വേണ്ടിയാണ് സംസ്കാരം ശനിയാഴ്ചയിലേക്ക് നിശ്ചയിച്ചതെന്നും സൗമ്യ വ്യക്തമാക്കി.
കഴിഞ്ഞ 10 ദിവസമായി വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും സമാധാനമായ അന്തരീക്ഷത്തിനായി വീട്ടിൽ തന്നെ തുടരുകയായിരുന്നുവെന്നും മകൾ അറിയിച്ചു.
ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവായ സ്വാമിനാഥൻ ഇന്ന് രാവിലെ 11.20 ഓടെ ചെന്നൈയിലെ വസതിയിലാണ് അന്തരിച്ചത്. മരണ സമയം മകൾ സൗമ്യയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
മാതാപിതാക്കൾ ആലപ്പുഴ മങ്കൊമ്പ് സ്വദേശികളാണെങ്കിലും അദ്ദേഹം ജനിച്ചത് തമിഴ്നാട്ടിലെ കുംഭകോണത്താണ്. ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തയിലേക്ക് നയിച്ച പ്രതിഭയായാണ് സ്വാമിനാഥന് വിലയിരുത്തപ്പെടുന്നത്. സ്വാമിനാഥന്റെ പരിഷ്കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഒരുപരിധിവരെ ഇല്ലാതാക്കിയത്.
1972 മുതല്‍ 79 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്ന സ്വാമിനാഥന് രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മീഷന് ചെയര്മാന് തുടങ്ങിയ നിലകളിലും മികവു തെളിയിച്ചു.
84 രാജ്യങ്ങളിൽ നിന്നു ഡോക്ടറേറ്റുകൾ, മെൻഡൽ മെമ്മോറിയൽ മെഡൽ, ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് സയൻസ് അവാർഡ്, ടൈലർ പ്രൈസ് ഫോർ എൻവിയോൺമെന്റൽ അച്ചീവ്മെന്റ് തുടങ്ങിയവ നേട്ടങ്ങളിൽ ചിലതാണ്.
50 ഇയേഴ്സ് ഓഫ് ഗ്രീൻ റെവല്യൂഷൻ, സയൻസ് ആൻഡ് സസ്റ്റെയിനബിൾ ഫൂഡ് സെക്യൂരിറ്റി, കോംബാറ്റിംഗ് ഹംഗർ ആൻഡ് ഫൂഡ് സെക്യൂരിറ്റി തുടങ്ങിയ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.