നിജ്ജറിനെ വധിച്ചത് ഐഎസ്ഐ എന്ന് റിപ്പോർട്ട്; ലക്ഷ്യമിട്ടത് ഇന്ത്യ-കാനഡ ബന്ധം തകർക്കൽ
Wednesday, September 27, 2023 5:53 PM IST
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു പിന്നിൽ പാക് ചാര സംഘടനയായ ഐഎസ്ഐ(ഇന്റർ സര്‍വീസ് ഇന്റലിജന്‍സ്) എന്ന് റിപ്പോർട്ട്.
ക്രിമിനലുകളെ വാടകയ്ക്കെടുത്താണ് ഐഎസ്ഐ കൃത്യം നിർവഹിച്ചതെന്നും ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
നിജ്ജര്‍ വധത്തിന് പിന്നാലെ കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല തീവ്രവാദികളെ ഒന്നിച്ചുകൊണ്ടുവരാന്‍ ഐഎസ്ഐ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്കാന് ഐഎസ്ഐ ഹര്‍ദീപ് സിങ് നിജ്ജറില്‍ സമ്മര്‍ദ്ദംചെലുത്തിയിരുന്നു.
എന്നാല്‍, നിജ്ജര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തത് പഴയ ഖലിസ്ഥാന്‍ നേതാക്കളുടെ വാക്കുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തു വന്നതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.