കോഴിക്കോട്ട് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
Wednesday, September 27, 2023 3:57 PM IST
കോഴിക്കോട്: കക്കോത്ത് പൂവത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥി മരിച്ചു. പൂവത്തൂർ സ്വദേശി കാർത്തിക് (14) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ കാർത്തിക് ഒഴുക്കിൽപെടുകയായിരുന്നു. നാലംഗ സംഘമാണ് കുളിക്കാൻ പുഴയിൽ എത്തിയത്. കാർത്തിക് ഒഴുക്കിൽപെട്ടതോടെ മറ്റ് വിദ്യാർഥികൾ ഒച്ചവച്ച് ആളെക്കൂട്ടുകയായിരുന്നു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.