മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആക്ഷേപം; ആരോപണവിധേയന്റെ പരാതിയില്‍ കേസെടുക്കും
Wednesday, September 27, 2023 3:32 PM IST
പത്തനംതിട്ട: കൈക്കൂലി വാങ്ങിയെന്ന ആരോപണമുയര്‍ന്ന മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയില്‍ കേസെടുക്കുമെന്ന് പോലീസ്. തനിക്കെതിരെയുള്ളത് തെറ്റായ ആരോപണമാണെന്നും അനാവശ്യമായി തന്റെ പേര് ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും കാട്ടി അഖില്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണ് കേസെടുക്കുക.
വ്യാജപരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ കന്റോൺമെന്റ് പോലീസ് അഖില്‍ മാത്യുവിന്റെ മൊഴിയെടുത്തിട്ടുണ്ട്.
മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസന് മന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്. പരാതിക്കാരന് മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് വ്യാജ ആരോപണമാണെന്ന് കാട്ടി അഖില്‍ പോലീസില്‍ പരാതി നല്‍കിയത്.