കരുവന്നൂർ തട്ടിപ്പ്: നേതാക്കളെ സംരക്ഷിക്കാൻ സിപിഎം കച്ചമുറുക്കുന്നു
സ്വന്തം ലേഖകൻ
Wednesday, September 27, 2023 3:08 PM IST
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സർജിക്കൽ സ്ട്രൈക്ക് വഴി കൊണ്ടുപോയതോടെ ഇനിയെന്ത്, ആരിലേക്ക് എന്ന ആശങ്കയിലാണ് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ.
അരവിന്ദാക്ഷന്റെ അറസ്റ്റ് മുൻകൂട്ടി കാണാനോ മുൻകൂർ ജാമ്യത്തിനുള്ള നടപടികൾ സ്വീകരിക്കാനോ പാർട്ടി നേതൃത്വത്തിന് സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച നട്ടുച്ചയ്ക്ക് സഖാക്കളുടെ നിരീക്ഷണ വലയം ഭേദിച്ച് അരവിന്ദാക്ഷനെ ഇഡി കൊത്തിയെടുത്തു കൊണ്ടുപോകുകയായിരുന്നു.
കൊച്ചിയിൽനിന്ന് ഇഡി സംഘം വടക്കാഞ്ചേരിയിലെ പാർളിക്കാടുള്ള വീട്ടിലെത്തി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത് അറിയാൻ വൈകിയത് വലിയ പാളിച്ചയായാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. ഇഡിയുടെ അടുത്ത ലക്ഷ്യം എ.സി. മൊയ്തീൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനുമാണെന്നു സിപിഎം തിരിച്ചറിയുന്നു.
അരവിന്ദാക്ഷന്റെ കാര്യത്തിലുണ്ടായ വീഴ്ച ഈ നേതാക്കളുടെ കാര്യത്തിൽ ഉണ്ടാകരുതെന്ന് സംസ്ഥാന നേതൃത്വം കർശന നിലപാടെടുത്തു കഴിഞ്ഞു. ഇനി ഇഡിയുടെ ചോദ്യം ചെയ്യലും അനന്തര നടപടികളും ഇവരിലേക്ക് എത്തുമെന്നതിനാൽ അറസ്റ്റ് നടക്കുകയാണെങ്കിൽ ഇവർക്കുള്ള മുൻകൂർ ജാമ്യം തയാറാക്കാൻ നടപടികൾ ഊർജിതമാക്കി.
വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി എം.കെ. കണ്ണനോട് ഹാജരാവാന്‍ ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് വീണ്ടും നോട്ടീസ് നൽകുമെന്നാണ് കരുതുന്നത്. അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തതോടെ നേതാക്കളിലേക്ക് അന്വേഷണം എത്തില്ലെന്ന സിപിഎമ്മിന്റെ ആത്മവിശ്വാസമാണ് തകർന്നത്.
ഇഡി ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കിൽ ഇതുവരെ കണ്ടപോലെ ആകില്ല കാര്യങ്ങൾ എന്ന് സംസ്ഥാന നേതൃത്വത്തിനുതന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിപ്പിക്കുന്നതിനൊപ്പം നേതാക്കൾ അടക്കമുള്ളവരെ നിയമ നടപടികളിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും പാർട്ടിക്ക് വന്നുചേർന്നിരിക്കുന്നു.
ലോക്കൽ പോലീസിനെയോ സംസ്ഥാന ജില്ലാ സ്പെഷൽ ബ്രാഞ്ചുകളെയോ അറിയിക്കാതെയാണ് ഇഡി ഇടിവെട്ട് നടപടികളുമായി മുന്നോട്ടു കുതിക്കുന്നത് എന്നതിനാൽ ആഭ്യന്തരവകുപ്പിനും സിപിഎമ്മിനെ സഹായിക്കാനാവാത്ത സ്ഥിതിയാണ്.
വടക്കാഞ്ചേരിയിലെയും തൃശൂരിലെയും പാർട്ടി പ്രവർത്തകരോട് കൂടുതൽ ജാഗ്രതയോടെ സ്ഥിതി നിരീക്ഷിക്കണമെന്നും പാർട്ടി നിർദേശിച്ചിട്ടുണ്ട്. ആരുമറിയാതെ ഇനി ഒരാളെപ്പോലും ഇഡി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ഇടവരരുതെന്ന കർശന നിർദേശമാണ് അണികൾക്ക് കൊടുത്തിട്ടുള്ളത്.
കരുവന്നൂർ വിഷയത്തിൽ യുഡിഎഫും ബിജെപിയും സിപിഎമ്മിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ അതിനെക്കൂടി സിപിഎമ്മിനു പ്രതിരോധിക്കേണ്ടതുണ്ട്. ഒക്ടോബർ രണ്ടിന് സുരേഷ് ഗോപി കൂടി കരുവന്നൂരിൽ എത്തുന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലാകും.
അതേസമയം, സിപിഎം ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നു കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര ആവശ്യപ്പെട്ടിരുന്നു. അരവിന്ദാക്ഷന്റെ അറസ്റ്റ് മൊയ്തീന്റെ അറസ്റ്റിന് തുല്യമാണെന്നും മൊയ്തീന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് അരവിന്ദാക്ഷനെന്നും അക്കര ആരോപിക്കുന്നു.