മധു വധക്കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശന് പിന്മാറി
Wednesday, September 27, 2023 12:36 PM IST
കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ച കെ.പി.സതീശന് പിന്മാറി. ഇക്കാര്യം സതീശന് ഹൈക്കോടതിയെ അറിയിച്ചു.
പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചതില്‍ മധുവിന്റെ അമ്മ പരാതി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പ്രതികകളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത അപ്പീലിലാണ് സതീശനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
എന്നാല്‍ വിചാരണ കോടതിയില്‍ ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തന്നെ ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇത് പരിഗണിച്ചില്ല. സതീശനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നതിനെതിരെ പിന്നീട് കുടുംബം ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സങ്കടഹര്‍ജി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ഇവര്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തിയിരുന്നു. ഇതോടെയാണ് കേസില്‍നിന്ന് സതീശന് പിന്മാറിയത്.