"എൻസിപി മന്ത്രിയെ മാറ്റില്ല; അഞ്ച് വർഷവും ശശീന്ദ്രൻ തന്നെ'
Tuesday, September 26, 2023 10:51 PM IST
തൃശൂർ: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിലപാട് വ്യക്തമാക്കി എൻസിപി. എൻസിപി മന്ത്രിയെ മാറ്റില്ലെന്നും എ.കെ. ശശീന്ദ്രൻ മന്ത്രിപദത്തിൽ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ വ്യക്തമാക്കി.
രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തന്നെ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായുള്ള കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന്റെ അവകാശവാദം തെറ്റാണെന്ന് ചാക്കോ പറഞ്ഞു.
എംഎൽഎ ആകുന്നവർ മന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അത്തരം ആഗ്രഹങ്ങൾ ആദ്യം പറയേണ്ടത് പാർട്ടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ആഗ്രഹപ്രകാരം ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അവർ അത് തിരുത്താൻ തയാറാവണം. പാർട്ടിയിൽ പറയേണ്ടത് പുറത്ത് പറയുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യുന്നവരെ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ചാക്കോ കൂട്ടിച്ചേർത്തു.