"ഗോവിന്ദൻ പറഞ്ഞത് വലിയ അബദ്ധം'; സിപിഎമ്മിനെയും സർക്കാരിനെയും വിമർശിച്ച് സിപിഐ
Tuesday, September 26, 2023 9:58 PM IST
തിരുവനന്തപുരം: വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, സിപിഎമ്മിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് വലിയ അബദ്ധമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഈ വിമർശനങ്ങൾ ഉയർന്നത്.
അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്ന സ്ഥലത്തെ തെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഗോവിന്ദന് മാത്രമേ പറയാനാകുവെന്നും കാനം പറഞ്ഞു.
പ്രതിരോധിക്കാൻ കഴിയാത്തവിധം ജനവികാരം സർക്കാരിന് എതിരാണെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൗൺസിൽ യോഗത്തിൽ അഭിപ്രായം ഉയർന്നു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്ന തൃശൂർ സീറ്റിലെ വിജയസാധ്യതകളെ ബാധിക്കുമെന്നും സിപിഐ വിമർശിച്ചു.
പുതുപ്പള്ളിയിൽ സഹതാപ തരംഗം മാത്രമല്ല, സർക്കാരിനെതിരായ വികാരവും ഉണ്ടായി. ഇതു തിരിച്ചറിഞ്ഞ് തിരുത്തണം. മുൻകാലങ്ങളിൽ സർക്കാരിലെ തിരുത്തൽശക്തി ആയിരുന്നു സിപിഐ. എന്നാൽ, തെറ്റായ പ്രവണതകൾ ഉണ്ടായിട്ടും ഇപ്പോൾ തിരുത്താൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു