എഐഎഡിഎംകെ ബിജെപി ബന്ധം ഉപേക്ഷിച്ചു; പുതിയ മുന്നണി രൂപീകരിക്കും
Monday, September 25, 2023 6:14 PM IST
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് എഐഎഡിഎംകെ. പാര്‍ട്ടി ആസ്ഥാനത്ത് ഇന്നു ചേര്‍ന്ന നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായത്.
തമിഴ്നാട് മുന്‍മുഖ്യമന്ത്രിമാരായിരുന്ന അണ്ണാദുരൈയെയും ജയലളിതയെയും ബിജെപി അപമാനിച്ചെന്നും നേതൃയോഗത്തില്‍ എഐഎഡിഎംകെ ആരോപിച്ചു.
എംപിമാരും എംഎല്‍എമാരും ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തില്‍ ഏകകണ്ഠമായി പ്രമേയം പാസായതിന് പിന്നാലെ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.പി മുനിസ്വാമിയാണ് ബിജെപി സഖ്യം ഉപേക്ഷിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രവര്‍ത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനമാണെന്നും പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
ബിജെപി ബന്ധം ഉപേക്ഷിച്ചെന്ന അറിയിപ്പിന് പിന്നാലെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ ആഹ്ലാദപ്രകടനം നടത്തി.
സനാതന ധര്‍മ പരാമര്‍ശത്തില്‍ മന്ത്രി പി.കെ. ശേഖറിനെതിരെയുള്ള പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലെ നടത്തിയ പരാമര്‍ശമാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.
1956ല്‍ മധുരയില്‍ പൊതുസമ്മേളനത്തില്‍ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊന്‍ മുത്തുമാരലിംഗ തേവര് അത് ശക്തമായി എതിര്‍ത്തുവെന്നുമായിരുന്നു അണ്ണാമലെ പറഞ്ഞത്.
പരാമര്‍ശത്തിനെതിരെ മുന്‍ മന്ത്രിമാരടക്കമുള്ള എഐഎഡിഎംകെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുമായി ഇനി സഖ്യമില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് അക്കാര്യം ആലോചിക്കുമെന്നും മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഡി. ജയകുമാര്‍ പിന്നാലെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുന്നത്.