പ്രസംഗത്തിനിടെ അനൗണ്‍സ്മെന്റ്; ക്ഷുഭിതനായി മുഖ്യമന്ത്രി പൊതുപരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയി
Saturday, September 23, 2023 12:25 PM IST
കാസര്‍ഗോഡ്: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പിണങ്ങി ഇറങ്ങിപ്പോയി. താന്‍ പ്രസംഗം അവസാനിപ്പിക്കും മുമ്പ് അനൗണ്‍സ്മെന്റ് നടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
സിപിഎം ഭരണത്തിലുള്ള ബെഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് ശേഷം തുടര്‍ന്ന് സംസാരിക്കുന്നതിന് മുന്‍പ് തന്നെ കെട്ടിട നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെ പേര് പറഞ്ഞുകൊണ്ട് അനൗണ്‍സ്മെന്റ് വന്നതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.
ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയായ നടപടിയല്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി വേദി വിടുകയായിരുന്നു. സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്, ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.
സഹകരണ മേഖലയെ തകര്‍ക്കാന്‍ ദുഷ്ടലാക്കോടെ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രസംഗം പാതിയില്‍ നിര്‍ത്തുന്നതിന് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഴിമതി മാര്‍ഗം സ്വീകരിച്ചവര്ക്കെതിരേ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ എടുത്തത്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.