ഹാങ് ചൗ: പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിന് ചൈനീസ് നഗരമായ ഹാങ് ചൗവില്‍ ഇന്ന് തിരിതെളിയും. ഹാങ് ചൗ ഒളിംമ്പിക്‌സ് സ്‌പോര്‍ട്ട്‌സ് സെന്‍ററിൽ വൈകിട്ട് അഞ്ചരയ്ക്കാണ് ഉദ്ഘാടനം നടക്കുക. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് മുഖ്യാതിഥിയാകും.

മൂന്നാം തവണയാണ് ചൈന ഏഷ്യന്‍ ഗെയിംസിന്‍റെ ആതിഥേയരാകുന്നത്. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഗെയിംസ് ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ദമായ രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിനിടെയുള്ള കരിമരുന്ന് പ്രയോഗമടക്കം ഇത്തവണ വേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു. ഗെയിംസ് നടക്കുന്ന നഗരിയില്‍ പ്രത്യേകമായി മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

ആകെ 56 വേദികളുള്ളതില്‍ 12 എണ്ണം മാത്രമാണ് പുതിയതായി നിര്‍മ്മിച്ചത്. റീസൈക്കിള്‍ ചെയ്ത പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഹുവാങ്ചുവിലെ സോളാര്‍ പ്ലാന്റില്‍ നിന്നാണ് മത്സര വേദികളിലേക്ക് വൈദ്യുതി വിതരണം നടക്കുന്നത്.