ലാത്തി വീശിയ എഎസ്ഐയ്ക്കെതിരെ മാനദണ്ഡം ലംഘിച്ച് കേസെടുത്തു; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
Tuesday, September 19, 2023 10:31 PM IST
തിരുവനന്തപുരം: മദ്യപിച്ച് വഴിയിൽ ബഹളമുണ്ടാക്കിയവരെ പിരിച്ചുവിടാനായി ലാത്തിവീശിയ എഎസ്ഐയ്ക്കെതിരെ, ലാത്തിയടിയേറ്റയാളുടെ പരാതി പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാതെ കേസ് രജിസ്റ്റർ ചെയ്ത സിഐയ്ക്ക് സസ്പെൻഷൻ.
പാറശാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആസാദിനെതിരെയാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ എഎസ്ഐ ഗ്ലാസ്റ്റിൻ മത്യാസിനെതിരെ കേസെടുത്തതിനാണ് ആസാദിനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച പാറശാലയിലെ വഴിയരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ പിരിച്ചുവിടാൻ മത്യാസ് ലാത്തിവീശിയിരുന്നു. പ്രദേശത്തെ വ്യാപാരിയായ ഗോപകുമാറിന് ഇതിനിടെ പരിക്കേറ്റു.
സിപിഎം നേതാക്കൾ സ്റ്റേഷനിലെത്തി പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് എസ്എച്ച്ഒ തിടുക്കപ്പെട്ട് മത്യാസിനെതിരെ കേസെടുത്തത്.