കരുവന്നൂർ തട്ടിപ്പ്; ബെനാമി ഇടപാട് രേഖകൾ ലഭിച്ചെന്ന് ഇഡി
Tuesday, September 19, 2023 9:36 PM IST
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ ബെനാമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).
കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ നടത്തിയ ബെനാമി ഇടപാടുകളുമായി ബന്ധപ്പെട്ട 25 രേഖകൾ കണ്ടെത്തി.
ഇയാളുമായി ബന്ധമുള്ള മൂന്ന് ആധാരമെഴുത്തുകാരുടെ വീട്ടിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സതീഷ് കുമാറിനായി ആധാരമെഴുത്തുകാർ തയാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും കണ്ടെടുത്തു.
കേസിലെ പ്രതിയായ അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി രൂപ മൂല്യം വരുന്ന ആസ്തികളുടെ രേഖകളും കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യവസായി ദീപക് സത്യപാലിന്റെ പക്കൽ നിന്ന് അഞ്ച് കോടി രൂപ മൂല്യം വരുന്ന ആസ്തികളുമായി ബന്ധപ്പെട്ട 19 രേഖകളും കണ്ടെത്തി.
എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാറിൽ നിന്ന് 100 പവൻ സ്വർണവും 5.50 ലക്ഷം രൂപയും പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.