നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്ട്? പഠനം നടത്താൻ സർക്കാർ
Tuesday, September 19, 2023 7:44 PM IST
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ മാത്രം തുടർച്ചയായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്നതിൽ അന്വേഷണം നടത്താൻ സർക്കാർ.
തുടർച്ചയായി ഒരേ സ്ഥലത്ത് തന്നെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നതിന്റെ കാരണം ഐസിഎംആർ വ്യക്തമാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തും.
നിപ വൈറസ് ബാധ ഒഴിഞ്ഞിട്ടില്ലെങ്കിലും രോഗവ്യാപനം തടയുന്നത് കൃത്യമായി നടപ്പിലാക്കാൻ സാധിച്ചു. തുടക്കത്തിൽ തന്നെ വൈറസ് ബാധ കണ്ടെത്തി അപകടം ഒഴിവാക്കാനായെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.
നിലവിൽ 276 ഹൈ റിസ്ക് കേസുകൾ ഉൾപ്പെടെ 1,286 ആളുകളാണ് നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 122 പേർ രോഗബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളും 118 പേർ ആരോഗ്യപ്രവർത്തകരുമാണ്. 990 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഒമ്പത് പേർ ഐസലേഷനിൽ തുടരുകയാണ്.
304 പേരുടെ സാമ്പിളുകൾ ശേഖരിച്ചതിൽ 277 പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. ഇതുവരെ ആറ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് പലസമയത്തായി റിപ്പോർട്ട് ചെയ്തത്.
വവ്വാലുകളെ പിടികുടാതെ തന്നെ സാമ്പിൾ പരിശോധന നടത്താനുള്ള പ്രക്രിയ തോന്നയ്ക്കൽ വൈറോജി ലാബ് വഴി നടത്തും. നിപ ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രങ്ങളിലെ ഇളവുകളെപ്പറ്റി സെപ്റ്റംബർ 22-ന് പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.