എക്സ് ഉപയോഗത്തിന് പണം ഈടാക്കാൻ ഉറച്ച് ഇലോൺ മസ്ക്
Tuesday, September 19, 2023 12:41 PM IST
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പേര് 'എക്സ്' എന്നാക്കി മാറ്റിയതിനു പിന്നാലെ പുതിയ പരിഷ്കാരവുമായി ഇലോണ്‍ മസ്ക്. എക്സ് ഉപയോഗിക്കണമെങ്കില്‍ ഇനി എല്ലാവരും പണം നല്‍കേണ്ടി വരുമെന്നാണ് മസ്ക് നല്കുന്ന സൂചന.
സോഷ്യല്‍ മീഡിയകളുടെ സൗജന്യസേവനം അവസാനിക്കാന്‍ പോകുന്നു എന്ന ധ്വനി നല്‍കുന്നതാണ് മസ്കിന്റെ വാക്കുകള്‍. എല്ലാ എക്സ് ഉപയോക്താക്കളില്‍ നിന്നും ഒരു ചെറിയ മാസവാടക ഈടാക്കാനാണ് പദ്ധതി.
നിലവില്‍ പ്രീമിയം ഉപയോക്താക്കളില്‍ നിന്നു മാത്രമാണ് പണം ഈടാക്കുന്നത്. എട്ടു ഡോളറാണ് എക്സിന്റെ പ്രീമിയം സൗകര്യം ഉപയോഗിക്കുന്നതിനായി നല്‍കേണ്ടത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് മസ്ക് ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
ബോട്ടുകള്‍(ഇന്റര്‍നെറ്റില്‍ റോബോട്ടുകള്‍ക്കു സമാനമായി ആളുകളുമായി സംവദിക്കുന്ന പ്രോഗ്രാമുകള്‍) ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്ന് രക്ഷനേടാന്‍ തന്റെ മുമ്പിലുള്ള ഏകമാര്‍ഗം ഇതാണെന്നും മസ്ക് വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അദ്ദേഹം തയാറായില്ല.