വിവാദങ്ങള്‍ക്കിടെ മൊയ്തീന് തിരുവനന്തപുരത്ത്; പരിശീലനത്തില്‍
Tuesday, September 19, 2023 10:10 AM IST
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കുന്ദംകുളം എംഎല്‍എ എ.സി. മൊയ്തീന് തിരുവനന്തപുരത്ത് എത്തി. നിയമസഭാ സമാജികര്ക്കായുള്ള പരിശീലനത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം പുലര്‍ച്ചെ എത്തിയത്. രണ്ടുദിവസമാണ് പരിശീലനപരിപാടി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മറ്റിയംഗം കൂടിയായ എ.സി മൊയ്തീനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. തിങ്കളാഴ്ച അദ്ദേഹത്തെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടിരുന്നു.
പിന്നാലെ വീണ്ടും ഹാജരാകാന്‍ സമന്‍സ് നല്കി. മൊയ്തീന്റേയും കുടുംബത്തിന്റേയും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കാനും നിര്‍ദേശമുണ്ടായിരുന്നു.
കേസില്‍ മുഖ്യസാക്ഷിയായ കെ.എ. ജിജോര്‍, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷന് എന്നിവരുടെ മൊഴികള്‍ മൊയ്തീന് എതിരാണ്.
മൊയ്തീന് ചൊവ്വാഴ്ച ഹാജരാകാത്ത സാഹചര്യത്തില്‍ ഇഡി പുതിയ നോട്ടീസ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.