വനിതാ സംവരണ ബിൽ സ്വാഗതം ചെയ്ത് കോൺഗ്രസ്
Tuesday, September 19, 2023 7:57 AM IST
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നും പാർലമെന്റിൽ അവതരിപ്പിക്കുമെന്നുമുള്ള റിപ്പോർട്ടുകളെ സ്വാഗതം ചെയ്ത് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്.
ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണെന്നു കോൺഗ്രസ് അഭിപ്രായപ്പെട്ടു. ബിൽ അവതരിപ്പിച്ചാൽ കോൺഗ്രസിന്റെ വിജയമാണെന്നു മുതിർന്ന നേതാവ് പി. ചിദംബരം പറഞ്ഞു.
കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നു. ബില്ലിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുൻപുള്ള സർവകക്ഷി യോഗത്തിൽ ഇത് ചർച്ച ചെയ്യാമായിരുന്നു. രഹസ്യമായി പ്രവർത്തിക്കുന്നതിന് പകരം സമവായം ഉണ്ടാക്കാമായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു.