നാരിശക്തി! വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ അംഗീകാരം, പാർലമെന്റിൽ അവതരിപ്പിക്കും
Monday, September 18, 2023 10:24 PM IST
ന്യൂഡൽഹി: വനിതകൾക്ക് ലോക്സഭാ, നിയമസഭാ സീറ്റുകളിൽ 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ.
ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ സർക്കാർ അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റ് അനക്സിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ബില്ലിന് അംഗീകാരം ലഭിച്ചത്.
ബില്ലിന്റെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഏതൊക്കെ മണ്ഡലങ്ങൾ വനിതാ സംവരണ സീറ്റുകളാകുമെന്നും ഇവ എങ്ങനെ നിർണയിക്കുമെന്നുമുള്ള വിവരങ്ങൾ അടക്കം പുറത്തുവരാനുണ്ട്.
യുപിഎ സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബിൽ 2010-ൽ രാജ്യസഭ പാസാക്കിയെങ്കിലും ലോക്സഭ കടക്കാൻ സാധിച്ചിരുന്നില്ല. രാജ്യസഭ നൈയാമിക തുടർച്ചയുള്ള നിയമനിർമാണ സഭ ആയതിനാൽ ബിൽ റദ്ദായിട്ടില്ല.
വനിതാ സംവരണ ബില്ലിനുള്ളിൽ തന്നെ പട്ടികജാതി, പട്ടികവർഗ സ്ത്രീകൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തമെന്ന ആവശ്യം ഉന്നയിച്ചാണ് സമാജ്വാദി പാർട്ടി അടക്കമുള്ള കക്ഷികൾ 2010-ൽ ബില്ലിനെ എതിർത്തത്.
ബിൽ മോദി സർക്കാർ പുനരവതരിപ്പിക്കുമെന്ന് നേരത്തെതന്നെ സൂചനകളുണ്ടായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലെ വോട്ടിംഗ് സംവിധാനം പരീക്ഷിച്ചത് ഈ ബില്ലിന്റെ വോട്ടിംഗിനായി ആണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.