പിഎസ്സിയുടെ പേരിൽ വ്യാജ നിയമന കത്ത്; മുഖ്യപ്രതി പിടിയിൽ
Monday, September 18, 2023 8:08 PM IST
തിരുവനന്തപുരം: പിഎസ്സിയുടെ പേരില്‍ വ്യാജ നിയമന കത്ത് നിര്‍മിച്ച് 15-ഓളം ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ അടൂര്‍ സ്വദേശി രാജലക്ഷ്മി പിടിയിൽ.
ഇന്ന് വൈകിട്ട് കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി രാജലക്ഷ്മി കീഴടങ്ങുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മി നേരത്തെ പിടിയിലായിരുന്നു.
വിജിലന്‍സ്, ജിഎസ്ടി, ഇന്‍കം ടാക്സ് തുടങ്ങിയ വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് 1.50 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ അപേക്ഷകരില്‍നിന്നും ഇവർ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടത്തിയിരുന്നു.
ഏകദേശം 60 ലക്ഷത്തിലധികം രൂപ സംഘം തട്ടിയെടുത്തൂയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തട്ടിപ്പ് സംഘം ഒരുക്കിയ വാട്സ്ആപ് കെണിയില്‍ 84 പേരെ അംഗങ്ങളായി ചേര്‍ത്തിരുന്നു. ചാറ്റിലൂടെ ഉദ്യോഗാര്‍ഥികളുടെ വിശ്വാസം നേടിയെടുത്ത സംഘം ഓൺലൈന്‍ ഇടപാടിലൂടെയാണ് പണം വാങ്ങിയത്.
തട്ടിപ്പ് സംഘത്തിലെ അംഗങ്ങളില്‍ കുറച്ചു പേര് ഉദ്യോഗാര്‍ഥികള്‍ എന്ന വ്യാജേന വാട്സ് ആപ് ഗ്രൂപ്പില്‍ കയറിപ്പറ്റുകയും തങ്ങള്‍ക്ക് ജോലി ലഭിച്ചതായി ഗ്രൂപ്പില്‍ പോസ്റ്റ് ഇടുകയും ചെയ്തതോടെയാണ് ഏറെപ്പേരും കെണിയിൽ വീണത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്കിയവര് തുക തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു പിഎസ്സിയുടെ പേരില്‍ നിർമിച്ച വ്യാജ കത്ത് ഉദ്യാഗാര്‍ഥികള്‍ക്ക് അയച്ചത്. തുടര്‍ന്ന് സെപ്റ്റംബർ 11-ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുളള കത്തുമായി രണ്ടുപേര്‍ പട്ടം പിഎസ്സി ഓഫീസില്‍ എത്തിയോടുകൂടെയാണ് തട്ടിപ്പ് പുറത്തായത്.