തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി; ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് എഐഎഡിഎംകെ
Monday, September 18, 2023 3:07 PM IST
ചെന്നൈ: തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപിയുമായി ഇനി സഖ്യമില്ലെന്നും ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എഐഎഡിഎംകെ വക്താവ് ഡി.ജയകുമാര്‍ പ്രഖ്യാപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ തുടര്‍ച്ചയായി തങ്ങളെ അപമാനിക്കുകയാണെന്നും ഇനി ഇത് സഹിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ പ്രധാന നേതാവുമായ അണ്ണാദുരൈയ്ക്കെതിരെയാണ് ആദ്യം അണ്ണാമലൈ സംസാരിച്ചത്. ഇതിന് പിന്നാലെ എഐഎഡിഎംകെയുടെ നേതാവായിരുന്ന പി.വി.ഷണ്മുഖം മന്ത്രിയായിരുന്നപ്പോള്‍ വലിയ തട്ടിപ്പ് നടത്തിയെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.
ഇതോടെയാണ് എന്‍ഡിഎ സഖ്യം വിട്ടതായി എഐഎഡിഎംകെ അറിയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഐഎഡിഎംകെയുടെ നിര്‍ണായക പ്രഖ്യാപനം.
ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ പെടാപ്പാട് പെടുന്ന ബിജെപിക്ക് തമിഴ്നാട്ടിലെ പ്രബല സഖ്യകക്ഷി എൻഡിഎ മുന്നണിയിൽ നിന്നും പുറത്തുപോകുന്നത് കനത്ത തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തമിഴ്നാട് കേന്ദ്രീകരിച്ച് അമിത് ഷായുടെ നേതൃത്വത്തിൽ വലിയ പ്രചാരണങ്ങൾക്ക് ബിജെപി തുടക്കം കുറിച്ചിരുന്നു.
അണ്ണാ ഡിഎംകെയുടെ പുതിയ നീക്കത്തോടെ തമിഴ്നാട്ടിൽ എൻഡിഎ മുന്നണി വീണ്ടും ദുർബലമായിരിക്കുകയാണ്. എഐഎഡിഎംകെയുടെ പ്രഖ്യാപനത്തോട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണമാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്.