""പഴയ പാര്‍ലമെന്റ് മന്ദിരം തലമുറകള്‍ക്ക് പ്രചോദനമാകും''; ലോക്സഭയിൽ പ്രധാനമന്ത്രി
Monday, September 18, 2023 12:13 PM IST
ന്യൂഡല്‍ഹി: കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ പഴയ പാര്‍ലമെന്റ് മന്ദിരം നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പാര്‍ലമെന്റ് പ്രവേശനത്തെക്കുറിച്ചും മോദി പ്രസംഗത്തില്‍ അനുസ്മരിച്ചു.
പടിക്കെട്ടുകളെ നമസ്കരിച്ചാണ് താന്‍ മന്ദിരത്തിലേക്ക് കയറിയത്. ഈ മന്ദിരവുമായി അത്രയ്ക്ക് വൈകാരിക അടുപ്പമുണ്ട്. പുതിയ മന്ദിരത്തിനായി വിയര്‍പ്പൊഴുക്കിയത് ഇന്ത്യക്കാരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വനിതാ എംപിമാര്‍ കൂടുന്നത് രാജ്യത്തിന് അഭിമാനമാണ്. വനിതാ പ്രാതിനിത്യം കൂടുന്നത് സന്തോഷകരമാണെന്നും മോദി പറഞ്ഞു.
ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തില്‍ പ്രധാനമന്ത്രി ശാസ്ത്രഞ്ജരെ അഭിനന്ദിച്ചു. ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ ശക്തി വെളിവാക്കി. ശാസ്ത്രജ്ഞരുടെ പ്രയത്നത്തെ നന്ദിയോടെ സ്മരിക്കുന്നതായും മോദി വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രിമാരെയും പ്രസംഗത്തിൽ മോദി അനുസ്മരിച്ചു. ജവഹർലാൽ നെഹ്റു, എ.ബി.വാജ്പേയി, മന്മോഹന് സിംഗ് എന്നിവര്‍ പാര്‍ലമെന്റിന്റെ അഭിമാനം ഉയര്ത്തിയവരാണെന്ന് മോദി പറഞ്ഞു.
പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമാണ് ഇന്ന് ചേരുന്നത്. ചൊവ്വാഴ്ച പുതിയ മന്ദിരത്തിലാകും സമ്മേളനം നടക്കുക.